Loading ...
Sorry, an error occurred while loading the content.

24962From the Blog of Catholicose

Expand Messages
 • SOCM News Bureau
  Aug 6, 2013
   06 Aug'13
   From the Blog of Catholicose
   http://bavathirumeni.blogspot.com/2013/08/blog-post_6.html

   ദുരന്തങ്ങള്‍ നേരിടുമ്പോള്‍..................

   വാത്സല്യ മക്കളെ,

   ഇന്നലെ കേരളത്തില്‍ പ്രത്യേകിച്ച് ഇടുക്കി ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍ കനത്തമഴയില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടായ വാര്‍ത്ത അറിഞ്ഞിരിക്കുമല്ലോ ? ഉരുള്‍പൊട്ടലില്‍ ലഭ്യമായ കണക്കനുസരിച്ച് സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ 13 പേര്‍ ഇടുക്കി ജില്ലയില്‍ മാത്രം മരണപ്പെട്ടു. ശക്തമായ ഒഴുക്കില്‍പെട്ട് പലരേയും കാണാതായിട്ടുള്ളതായും ചിലര്‍ വാഹനത്തോടുകൂടി മണ്ണിനടിയില്‍പെട്ടതുമായ ഭീതിജനകമായ വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇടുക്കിജില്ലയില്‍ അടിമാലിക്കടുത്തുള്ള ചീയപ്പാറയിലാണ് ഏറ്റവും കൂടുതല്‍ ദുരന്തം ഉണ്ടായിരിക്കുന്നത്. ഹൈറേഞ്ചിന്റെ വിവിധ ഭാഗങ്ങളിലൂടെ നിരന്തരം യാത്ര ചെയ്തിട്ടുള്ള ബലഹീനനായ എനിക്ക് ഈ പ്രദേശങ്ങളുടെ ഭൂസ്ഥിതിയെക്കുറിച്ച് സാമാന്യമായ രൂപമുണ്ട്.
   ഹൈറേഞ്ചിലേക്ക് പോകുമ്പോള്‍ അനേകംപേര്‍ വാഹനം നിറുത്തിയിട്ടു ചീയപ്പാറ വെള്ളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഇടതു വശം ഉയര്‍ന്ന മലമ്പ്രദേശവും വലതു വശത്തു വെള്ളം വളരെ ഉയരത്തില്‍ നിന്നും താഴോട്ട് പതിച്ച് ഒഴുകുന്ന അരുവിയുമാണ്. ഈ ഭാഗത്ത് ഉരുള്‍പൊട്ടലുണ്ടായാല്‍ ജീവന്‍ തിരിച്ചുകിട്ടുക അസാധ്യം തന്നെയാണ്. ഈ ഭാഗത്ത ഏകദേശം 200 മീറ്ററോളം ദൂരത്തില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടായി ഗതാഗതം തടസ്സപ്പെട്ടതായി അധികാരികള്‍ അറിയിച്ചിരിക്കുന്നു. ദുരന്തത്തിന്റെ വ്യാപ്തി മനസ്സിലാക്കുന്നതിന് വേണ്ടിയാണ് ഇത്രയും വിശദമായി ഞാന്‍ വിവരിച്ചത്. പാലക്കാട്ടുനിന്ന് വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകളില്‍ പങ്കെടുക്കുന്നതിന് കാറില്‍ പോയ കുടുംബത്തിലെ ജിതിന്‍ ജോസ് എന്ന ആണ്‍ക്കുട്ടിയുടെ മൃതശരീരം എടുത്തു തോളിലിട്ടുകൊണ്ട് രക്ഷാപ്രവര്‍ത്തകര്‍ വരുന്ന ഫോട്ടോ പത്രത്തില്‍ പോലും നോക്കികാണാന്‍ നാം അശക്തരാവുകയാണ്.
   പ്രിയമക്കളെ, ദുരന്തത്തില്‍പെട്ട് ജീവന്‍നഷ്ടപ്പെട്ടവരുടെസ്മരണയ്ക്കു മുന്നില്‍ പ്രാര്‍ത്ഥാപൂര്‍വ്വം പ്രണാമം അര്‍പ്പിക്കുന്നതോടൊപ്പം, ദുരന്തത്തില്‍പ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്യുന്നു.

   സങ്കേതികമായും ഭൗതീകമായും നാം മുന്നേറിയെങ്കിലും പെട്ടന്നുണ്ടാകുന്ന ഇപ്രകാരമുള്ള ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ ഭരണാധികാരികളും ജനങ്ങളും പകച്ചുനില്‍ക്കുന്ന കാഴ്ചയാണ് നാം എങ്ങും കാണുന്നത്. ഈ ദുരന്തം ഉണ്ടായപ്പോള്‍ ദൃശ്യമാദ്ധ്യമങ്ങളിലൂടെ ഒരു വാര്‍ത്തവന്നത് നിങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവരുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അതു മറ്റൊന്നുമല്ല ''ദുരന്ത നിവാരണസേന ആര്‍ക്കോണത്തുനിന്നു പുറപ്പെട്ടിരുക്കുന്നതായ ഫഌഷ് ന്യൂസാണ്. കേരളത്തിന്റെ ഭൂപ്രകൃതി മനസ്സിലാക്കി അതിനനുസരിച്ച് പെട്ടെന്ന് എത്തിച്ചേരാവുന്നവിധത്തില്‍ കേരളത്തിന്റെ ദക്ഷിണ-മദ്ധ്യ-ഉത്തര ഭാഗങ്ങളിലായി ദുരന്തനിവാരണ സേനയുടെ യൂണിറ്റുകള്‍ ക്രമീകരിക്കുന്ന പക്ഷം പരിശീലനം ലഭിച്ചവരുടെ നേതൃത്വത്തില്‍ അടിയന്തിരമായി കാലം താമസം വരുത്താതെ രക്ഷാപ്രവര്‍ത്തനം ആരംഭിക്കുവാന്‍ സാധ്യമാകുമെന്ന് ഏതൊരു സാധാരണക്കാരനും മനസ്സിലാകുമെന്നിരിക്കെ, ഇനിയും ഇത് എന്നാണാവോ പ്രവര്‍ത്തിപഥത്തിലെത്തുക ? ആരെയും കുറ്റപ്പെടുത്തുകയല്ല എന്റെ ഉദ്ദേശം. പക്ഷെ കാര്യം നടപ്പിലാക്കേണ്ടവര്‍ ഉറക്കം നടിക്കുമ്പോള്‍ ചൂണ്ടികാണിക്കുകമാത്രമാണ് ഞാന്‍ ചെയ്യുന്നത് എന്ന് വിനീതമായി ഓര്‍മ്മിപ്പിക്കുന്നു.

   വാത്സല്യമക്കളെ,

   ഈ വിധമുള്ള ദുരന്തങ്ങളും പ്രയാസങ്ങളും വരുമ്പോള്‍ യെശയ്യാ പ്രവചകന്‍ (43:5)-ല്‍ പറയുന്ന ''ഭയപ്പെടേണ്ട ഞാന്‍ നിന്നോട് കൂടെയുണ്ട്'' എന്ന വചനം ഓര്‍ത്ത് പ്രാര്‍ത്ഥനയോടെ വര്‍ത്തിച്ചുകൊള്ളണം.

   ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
   സസ്‌നേഹം
   നിങ്ങളുടെ സ്വന്തം ബാവാ തിരുമേനി
  • Show all 3 messages in this topic